ഗള്‍ഫ്‌ വാര്‍ത്തകള്‍

പ്രവാസി മലയാളികള്‍ ഏറെ സൗദിയില്‍

മലയാളികള്‍ ഇല്ലാത്ത ലോക രാജ്യങ്ങള്‍ കണ്ടു പിടിക്കുക പ്രയാസമാണ്‌. മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നായി പ്രവാസികള്‍ മാറിയിരിക്കുകയാണ്‌.

മലയാളികളായ പ്രവാസികള്‍ ഏറ്റവും അധികം ജോലി ചെയ്യുന്നത്‌ സൗദി അറേബ്യയിലാണ്‌. ഇത്‌ പ്രവാസി മലയാളികളുടെ 39 ശതമാനത്തോളം വരും. ഒമാന്‍ (10.5), ബഹറിന്‍ (6), കുവൈറ്റ്‌ (5), ഖത്തര്‍ (4.7) തുടങ്ങിയ രാജ്യങ്ങളാണ്‌ തൊട്ടു പിന്നില്‍.

യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മറ്റുമായി ഏകദേശം ആറു ശതമാനത്തിലേറെപ്പേര്‍ മാത്രമാണ്‌ ജോലി ചെയ്യുന്നത്‌. ഇതില്‍ കൂടുതല്‍പ്പേര്‍ അമേരിക്കയിലാണ്‌. രണ്ടു ശതമാനത്തോളം.

മലപ്പുറത്തും തൃശൂരും നിന്നുമാണ്‌ കേരളത്തില്‍ ഏറ്റവും അധികം പ്രവാസികളുള്ളത്‌. ഇവരെക്കൂടാതെ തെക്കന്‍ ജില്ലകളില്‍ നിന്നും ധാരാളം പേര്‍ പ്രവാസികളായി പോകുന്നുണ്ട്‌. എന്നാല്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന്‌ വിദേശത്ത്‌ പോയി ജോലി ചെയ്യുന്നവര്‍ മറ്റുള്ള ഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെക്കുറവാണ്‌.





യുവാവിന്റെ ധീരത; ഇഖാമ വീണ്ടെടുത്തു

മലപ്പുറം ജില്ലക്കാരനായ യുവാവിന്റെ ഇടപെടലിലൂടെ നഷ്ടപ്പെട്ട ഇഖാമ (സൌദി അറേബ്യയില്‍ താമസിക്കാനും ജോലിചെയ്യുവാനും അംഗീകാരം ഉണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്) വീണ്ടെടുക്കാന്‍ കഴിഞ്ഞു. ബാബ്‌ മക്കയില്‍ ടെയ്‌ലറായി ജോലി ചെയ്യുന്ന കൊളപ്പുറം വികെ പടി സ്വദേശി സിദ്ധിക്കാണ് ധീരത കാണിച്ച് തന്റെയും കൂട്ടുകാരുടെയും ഇഖാമകള്‍ വീണ്ടെടുത്തത്.

സിദ്ധിക്കും സുഹൃത്തുക്കളായ സക്കീര്‍ തറയില്‍, അയമുട്ടി കോയത്തൊടി എന്നിവരും താമസിക്കുന്ന മുറിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക്‌ സ്വദേശികളെന്നു തോന്നിക്കുന്ന രണ്ടുപേര്‍ കയറിവന്നു. സിഐഡികളാണെന്നു പരിചയപ്പെടുത്തി. പരിശോധിക്കാനായി ഇഖാമ ആവശ്യപ്പെട്ടപ്പോള്‍ മൂന്നുപേരും ഇഖാമ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സി‌ഐ‌ഡി വേഷം കെട്ടി വന്നവര്‍ 3,000 റിയാല്‍ ആവശ്യപ്പെട്ടപ്പോഴാണ്‌ ഇവര്‍ വ്യാജന്മാരാണെന്ന് മനസ്സിലായത്‌. പണമില്ലെന്നറിയിച്ചപ്പോള്‍, 3,000 റിയാലുമായി വരാന്‍ ആവശ്യപ്പെടുകയും ബന്ധപ്പെടാന്‍ 0551144031 എന്ന മൊബെയില്‍ നമ്പര്‍ നല്‍കി മോഷ്ടാക്കള്‍ സ്ഥലം വിട്ടു.

ഇഖാമ തിരിച്ചുകിട്ടാനായി സിദ്ധിക്കും കൂട്ടുകാരും മൊബൈലില്‍ വിളിച്ചപ്പോള്‍ മൂന്ന്‌ ഇഖാമകളും 1000 റിയാലിന്‌ തരാന്‍ സംഘം തയ്യാറായി. തുടര്‍ന്ന് ബാബ്‌ മക്ക സോമാലി പള്ളിക്കടുത്ത് വരാന്‍ സംഘത്തോട് സിദ്ധിക്ക് പറഞ്ഞു.

പറഞ്ഞ പോലെ തന്നെ ഒരു യുവാവ് പള്ളിക്കടുത്ത് വന്നു. പണമെടുക്കാന്‍ യുവാവ്‌ ആവശ്യപ്പെട്ടപ്പോള്‍ സിദ്ധിക്ക് കയ്യില്‍ ഉണ്ടായിരുന്ന 1,000 റിയാല്‍ കാണിച്ച്‌ ഇഖാമ തരാന്‍ പറഞ്ഞു. തുടര്‍ന്ന്‌, മൂന്ന്‌ ഇഖാമകളും ഒരു കവറില്‍ നിന്നു പുറത്തെടുത്ത ഉടനെ അവ കൈക്കലാക്കി പണം നല്‍കാതെ സിദ്ധിക്ക് ഓടി രക്ഷപ്പെട്ടു.






കേരളത്തില്‍ സൗദി എംബസി വരുന്നു

കേരളത്തില്‍ സൌദി അറേബ്യയുടെ കൌണ്‍സിലേറ്റ് തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് സൌദി അറേബ്യന്‍ അംബാസഡര്‍ സഖര്‍ സുലൈമാന്‍ കുര്‍ഷി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൌദി കോണ്‍സുലേറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്‌ഷ്യപ്പെടുത്തുന്നതിനു നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ നോര്‍ക്ക റൂട്ട്‌സിന് ഐഡി കാര്‍ഡ് നല്‍കി പരിഹാരമുണ്ടാക്കും. സൌദിയിലേക്ക് നോര്‍ക്ക റൂട്ട്‌സിലൂടെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മുംബൈയിലും (കൊളാബ) ഡല്‍‌ഹിയിലും (വസന്ത് വിഹാര്‍) ആണ് ഇപ്പോള്‍ സൌദി അറേബ്യയുടെ എം‌ബസികള്‍ ഉള്ളത്. എന്നാല്‍, സൌദി അറേബ്യയിലുള്ള ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇതുകൂടി പരിഗണിച്ചാണ് കേരളത്തിലും സൌദി എം‌ബസി തുറക്കുന്ന കാര്യം സൌദി സര്‍ക്കാര്‍ പരിഗണിക്കുന്നത്.

സൌദി അറേബ്യന്‍ പെട്രോളിയം കമ്പനിയായ അരാംകോയിലേക്ക് ആവശ്യമായ ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് സൌദി സംഘം സര്‍ക്കാരിനോട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ. ബാബു, വിഎസ് ശിവകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.